കാശ്മീരിലെ പുൽവാമയിൽ പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് നടത്തിയ ആക്രമണത്തിൽ ലോകശക്തികൾ പാകിസ്താനെതിരെ ഒന്നിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗണിസിലിൽ, ജെയ്ഷെ മുഹമ്മദ് സ്ഥാപകനായ മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര തീവ്രവാദിയായി പ്രഖ്യാപിക്കാനുള്ള പ്രമേയം അവതരിപ്പിക്കും. ഫ്രാൻസ്, ബ്രിട്ടൻ, അമേരിക്ക എന്നീ രാജ്യങ്ങൾ സംയുക്തമായാണ് ഇന്ത്യയ്ക്ക് അനുകൂലമായി ഈ പ്രമേയം കൊണ്ടുവരിക.

തീവ്രവാദികളെ സഹായിക്കുന്ന രാജ്യമെന്ന നിലയിൽ ലോകശ്രദ്ധയിലേക്ക് വരികയെന്നത് പാകിസ്താന് വൻ തിരിച്ചടിയാണ്. റഷ്യയും, ചൈനയുമാണ് സെക്യൂരിറ്റി കൗൺസിലിലെ മറ്റ് രണ്ട് അംഗങ്ങൾ. ഇരു രാജ്യങ്ങളും നേരത്തെ പുൽവാമ ആക്രമണത്തെ കടുത്ത ഭാഷയിൽ അപലപിച്ചിരുന്നു. നേരത്തെ മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര തീവ്രവാദിയായി പ്രഖ്യാപിക്കുന്നതിനോട് അനുകൂലമായി പ്രതികരിക്കാതെയിരുന്ന ചൈന നിലപാടുകൾ മയപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.

റഷ്യ ഉൾപ്പെടെ സെക്യൂരിറ്റി കൗൺസിലിലെ മറ്റ് രാജ്യങ്ങൾ ഇതോടെ ഇന്ത്യക്ക് അനുകൂലമായി വോട്ട് ചെയ്യും. ലോക രാജ്യങ്ങളുടെ മുൻപിൽ പാകിസ്താന് അതൊരു കനത്ത തിരിച്ചടിയാകും. തീവ്രവാദികളെ ഉന്മൂലനം ചെയ്യാൻ ഏതറ്റം വരെയും പോകാൻ സൈന്യത്തിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പരിപൂർണ സ്വാതന്ത്ര്യം നൽകിയിരിക്കുകയാണ്. ഇറാനും, അഫ്ഗാനുമടക്കം പാകിസ്താന്‍റെ മറ്റ് അയൽരാജ്യങ്ങൾ ഇന്ത്യയ്ക്കൊപ്പമാണ്. കൂടാതെ ഇസ്രായേലും, ഇന്ത്യക്കൊപ്പം തോളോട് തോൾ ചേർന്ന് പോരാടാൻ സന്നദ്ധത പ്രകടിപ്പിച്ചതും, പാകിസ്താന്‍റെ ചങ്കിടിപ്പ് വർദ്ധിപ്പിച്ചിട്ടുണ്ട്.

ചൈന മാത്രമാണ് പാകിസ്താന് പിന്തുണയുമായി എത്തുമെന്ന് കരുതിയത്. എന്നാൽ ഈ സമയത്ത് ഒരു യുദ്ധം ഉണ്ടാകുന്ന സാഹചര്യത്തില്‍, പാകിസ്താനെ സഹായിക്കാൻ ചൈന ഇടപെട്ടാൽ, മറുഭാഗത്ത് നിന്നും ഇന്ത്യയുടെ ചിരകാല സുഹൃത്തായ റഷ്യ, തങ്ങൾ നോക്കിയിരിക്കില്ലെന്ന് പ്രസ്താവിച്ചിട്ടുണ്ട്. ഇതാണ് ഈ വിഷയത്തിൽ പാകിസ്താനെ ഏറ്റവും ഭയപ്പെടുത്തുന്നത്. ഈ വിവരം കൂടി പുറത്തു വന്നതോടെയാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, എല്ലാ പ്രശ്നങ്ങളും ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ഇന്ത്യയോട് അഭ്യർത്ഥിച്ച് ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ നേരത്തെ നരേന്ദ്രമോദിയുമായി ചർച്ച നടത്തില്ലെന്നും, തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ പ്രധാനമന്ത്രി വരികയാണെങ്കിൽ ചർച്ചയാകാമെന്നുമായിരുന്നു ഇമ്രാൻ ഖാന്‍റെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here